Friday, July 13, 2018

പുനർജന്മം


കാഞ്ചി കാമകോടി പീഠാധിപതിയായിരുന്ന ശ്രീ ചന്ദ്രശേഖര സരസ്വതീസ്വാമികളെ കാണുവാൻ ഒരിക്കൽ ഒരു വിദേശി വന്നു. അദ്ദേഹത്തിന്റെ മനസ്സിൽ അതുവരെ ചോദ്യചിഹ്നമായി നിന്നിരുന്ന ഒരു സംശയനിവൃത്തിക്കുവേണ്ടിയാണ് അദ്ദേഹം എത്തിയത്.

 സന്ധ്യാവന്ദനവും നിത്യാനുഷ്ടാനവുമൊക്കെകഴിഞ്ഞു സ്വാമികൾ പുറത്തുവന്നു ഭക്തജനങ്ങളുടെ തിരക്ക് തെല്ലൊന്നു കുറഞ്ഞഅവസരം നോക്കി അദ്ദേഹം സ്വാമികളോട് തന്റെ സംശയം ഉന്നയിച്ചു. 'സ്വാമീ , പുനർജന്മസിദ്ധാന്തം എന്നത് ഒരു പൊള്ളയായ വാദമല്ലേ? മനുഷ്യൻ പുണ്യവും പാപവും അനുസരിച്ചു വീണ്ടും ജനിക്കുന്നു എന്നത് വിശ്വസിക്കാൻ പ്രയാസമാണ് .നാം ഈ ജന്മത്തിൽ ചെയ്യുന്ന പാപത്തിന്റെയും പുണ്യത്തിന്റെയും ഫലം ഈ ജന്മത്തിൽ തന്നെ നാം അനുഭവിക്കുന്നു.

നാം സത്യസന്ധമായി ജീവിച്ചാൽ ഈശ്വരൻ നമുക്ക് നല്ല അനുഭവങ്ങളും മറിച്ചായാൽ ദുഖങ്ങളും നൽകുന്നു.ഇതല്ലേ സത്യം.' 'ഈ ചോദ്യം കേട്ടു അദ്ദേഹം അപ്പോൾ ഉത്തരമൊന്നും പറഞ്ഞില്ല.വീണ്ടും തിരക്ക് തെല്ലൊന്നു കുറഞ്ഞപ്പോൾ അദ്ദേഹം ഈ വിദേശിയെ അടുത്തുവിളിച്ചു വാഹനമുണ്ടോയെന്നുചോദിച്ചു. ഉണ്ടെങ്കിൽ തനിക്കൊരു ഉപകാരം ചെയ്യണമെന്നും പറഞ്ഞു.

വാഹനമുണ്ടെന്നുപറഞ്ഞവിദേശിയോട് അദ്ദേഹം കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ കാഞ്ചീപുരത്തുള്ള ആശുപത്രികളിൽ എത്ര കുഞ്ഞുങ്ങൾ ജനിച്ചുവെന്നും അവരുടെ ഒരു വിശദവിവരം ആരാഞ്ഞുവരാൻ സാധിക്കുമോയെന്നും ചോദിച്ചു. ആ വിദേശി തന്റെ ചോദ്യത്തിന് മറുപടിയൊന്നും കിട്ടിയില്ലല്ലോ എന്നോർത്ത് മനസില്ലാമനസോടെ വണ്ടിയുമെടുത്തു പുറപ്പെട്ടു.

സായാഹ്നത്തോടെ തിരിച്ചെത്തിയ അദ്ദേഹം താൻ ശേഖരിച്ച വിവരങ്ങൾ സ്വാമിക്കുനല്കി. പത്തു ആശുപത്രികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളായിരുന്നു അത്. പത്തു ആശുപത്രികളിലുമായി മൊത്തം പതിനഞ്ചുകുട്ടികൾ ജനിച്ചു. ഏഴു ആൺകുട്ടികളും എട്ടുപെണ്കുട്ടികളും.

 അതിൽ മൂന്നു കുട്ടികൾ അസുഖബാധിതരും രണ്ടുകുട്ടികൾ സമ്പന്നരായ മാതാപിതാക്കന്മ്മാർക്ക് കടിഞ്ഞൂലായി സുഖസൗകര്യങ്ങളോടുകൂടിയ സ്വകാര്യ ആശുപത്രകളിൽ ജനിച്ചവരും നാലുപേർ പാവപ്പെട്ട ദിവസക്കൂലിക്കാരായ വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കന്മാർക് ആശുപത്രിവരാന്തകളിൽ ജനിച്ചവരുമായിരുന്നു.

ഇതുവായിച്ചശേഷം സ്വാമികൾ ആ വിദേശിയോട് ഇങ്ങനെ പറഞ്ഞു. 'ഇത് കണ്ടിട്ട് താങ്കൾക്കെന്തു തോന്നുന്നു? ഈ കുട്ടികൾ ജനിച്ചിട്ട് രണ്ടുദിവസം പോലുമായിട്ടില്ല. അവർക്കു അവരുടെ അമ്മയാരെന്നുപോലുമറിയില്ല. ഇവർ എന്തുപാപപുണ്യങ്ങളാണ് ചെയ്തിരിക്കുന്നത്. രണ്ടുകുട്ടികൾക്കു സുഖാനുഭവങ്ങൾ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. മൂന്നുപേർ അസുഖബാധിതരായി ദുഃഖമനുഭവിക്കുന്നു. നാലുപേർക്ക് ജന്മനാ ദാരിദ്ര്യം ഏർപ്പെട്ടിരിക്കുന്നു. ഈ പിഞ്ചുകുഞ്ഞുങ്ങൾ എന്ത് കർമമാണ് ഈ രണ്ടുദിവസത്തിനുള്ളിൽ ചെയ്തിരിക്കുന്നത്?

 കൈകാലിട്ടടിച്ചു വാവിട്ടുകരയുന്ന അവർക്കു സ്വയം തിരിഞ്ഞുകിടക്കാൻ പോലും ശക്തിയില്ല. അപ്പോൾ ഈ സുഖവും ദുഖവുമെല്ലാം അവർ എന്തിനു അനുഭവിക്കുന്നു? അവർ സമ്പന്നരും പാവപ്പെട്ടവരുമായ കുടുംബങ്ങളിൽ എങ്ങനെ ജനിച്ചു? ഇവിടെയാണ് സനാതനധർമത്തിലെ പൂർവ്വജന്മകൃത പുണ്യപാപങ്ങൾ എന്ന സിദ്ധാന്തം തെളിയിക്കപ്പെടുന്നത് .

ഇപ്പോൾ താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചുകാണുമെന്നു പ്രതീക്ഷിക്കുന്നു.' തന്റെ ചോദ്യങ്ങൾക്കു ഏറ്റവും തൃപ്തികരമായ ഉത്തരം ലഭിച്ചുവെന്നും താൻ ഏറ്റവും കൃതാർത്ഥനാണെന്നും അറിയിച്ചു സ്വാമികളെ നമസ്കരിച്ചു അദ്ദേഹം തിരിച്ചുപോയി.

No comments:

Post a Comment