Friday, December 28, 2018

സ്വാമി വിവേകാനന്ദന്‍

യോഗി എപ്പോഴും അഭ്യസിച്ചുകൊണ്ടിരിക്കണം. ഏകാകിയായിക്കഴിയാന്‍ നോക്കണം. പലതരക്കാരുമായുള്ള കൂട്ടുകെട്ട് മനസ്സിനെ പതറിച്ചുകളയും. അധികം സംസാരിക്കരുത്: അതും മനസ്സിനെ പതറിക്കും. അധികം പണി എടുക്കരുത്. ദിവസമാകെ കഠിനമായി പണിയെടുത്തശേഷം മനസ്സിനെ പിടിയിലൊതുക്കാന്‍ കഴിയില്ല. ഈവക നിഷ്ഠകള്‍ ശീലിക്കുന്നയാള്‍ യോഗിയാകും.

 അല്പം അഭ്യസിച്ചാല്‍ക്കൂടി മഹത്തായ ഗുണം ചെയ്യും. അത്ര ശക്തിയാണു യോഗത്തിനുള്ളത്. അത് ആര്‍ക്കും ദോഷകരമല്ല, എല്ലാവര്‍ക്കും ഗുണകരമാണുതാനും. ഒന്നാമതായി അതു ക്ഷോഭിച്ച സിരകളെ സാന്ത്വനപ്പെടുത്തി ശാന്തി കൈവരുത്തും; കുറേക്കൂടി തെളിഞ്ഞു വസ്തുസ്ഥിതി കാണുവാന്‍ കഴിവു നല്കും. സ്വഭാവം മെച്ചപ്പെടും, ആരോഗ്യവും മെച്ചപ്പെടും. തികഞ്ഞ ആരോഗ്യവും സ്വരമാധുര്യവും പ്രഥമലക്ഷണങ്ങളില്‍പ്പെട്ടവയാണ്. സ്വരദോഷങ്ങള്‍ മാറിപ്പോകും. വരാനിരിക്കുന്ന അനേകഫലങ്ങളില്‍ ആദ്യത്തെ ചിലതുമാത്രമാണവ. കഠിനപരിശ്രമം ചെയ്യുന്നവര്‍ക്കു പിന്നെയും പല ലക്ഷണങ്ങളുണ്ടാകും. ചിലപ്പോള്‍ ദൂരത്തുനിന്നുള്ള മണിനാദങ്ങള്‍ ഒന്നായി മേളിച്ചു ശ്രവണപുടങ്ങളില്‍ പതിക്കുന്നതുപോലെ കേള്‍ക്കാം. ചിലപ്പോള്‍ ആകാശത്തില്‍ ജ്യോതിഷ്‌കണങ്ങള്‍ പാറുന്നതും ക്രമത്തില്‍ വലുതാകുന്നതും മറ്റുമായ കാഴ്ചകള്‍ കാണാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ വേഗം പുരോഗമിക്കുകയാണെന്നു കരുതാം.

യോഗിയാകണമെന്നും അതിനു തീവ്രമായി അഭ്യസിക്കണമെന്നും വിചാരിക്കുന്നവര്‍ ആദികാലങ്ങളില്‍ ആഹാരകാര്യത്തിലും ദൃഷ്ടിവെയ്ക്കണം. എന്നാല്‍ ദൈനംദിനജീവിതത്തില്‍ ഉപകരിക്കാന്‍വേണ്ടി അല്പമാത്രം അഭ്യസിക്കുവാന്‍ വിചാരിക്കുന്നവര്‍ അമിതമായി ഭക്ഷിക്കരുതെന്നേയുള്ളു. അവര്‍ക്ക് ഇഷ്ടമുള്ളതെന്തും കഴിക്കുന്നതില്‍ വേറെ വിരോധമില്ല. വേഗം പുരോഗമിക്കണം, കഠിനമായി പരിശ്രമിക്കണമെന്നുള്ളവര്‍ക്ക് ആഹാരനിഷ്‌കര്‍ഷ അത്യാവശ്യമാണ്. ഏതാനും മാസക്കാലം പാലും ധാന്യങ്ങളും മാത്രം ഉപയോഗിക്കുന്നതു ഹിതകരമായിക്കാണാം.

ശരീരേന്ദ്രിയ മനസ്സുകളുടെ ഇക്കൂട്ട് കൂടുതല്‍ കൂടുതല്‍ ലോലമാകുന്നതോടുകൂടി അല്പമായ ക്രമക്കേടു പോലും ആദ്യകാലങ്ങളില്‍ നമ്മെ സമനിലയില്‍നിന്നു തെറിപ്പിച്ചുകളയും. സ്വാധീനത പൂര്‍ണ്ണമാകുന്നതുവരെ ഭക്ഷണം ഒരു ലേശം കൂടുതലോ കുറവോ ആയാല്‍ ഈ സംഘാതം ആകെ അസ്വസ്ഥമാകും. പൂര്‍ണ്ണമായാലോ ഇഷ്ടമുള്ളതു കഴിക്കാം.
ഏകാഗ്രത ശീലിച്ചുതുടങ്ങുമ്പോള്‍ മൊട്ടുസൂചി വീഴുന്ന ശബ്ദം പോലും ശിരസ്സില്‍ ഇടിനാദം പായുന്നതുപോലെ തോന്നും.

 കരണങ്ങള്‍ സൂക്ഷ്മതരങ്ങളാകുംതോറും ഗ്രഹണവും സൂക്ഷ്മതരമാകും. നമുക്കു കടന്നുപോകാനുള്ള ഘട്ടങ്ങളാണിവ: വിടാതെ അഭ്യസിക്കുന്നവര്‍ വിജയിക്കുകയും ചെയ്യും. തര്‍ക്കവും മറ്റു വിക്ഷേപഹേതുക്കളും എല്ലാം വര്‍ജ്ജിക്കുക: ശുഷ്‌കവാദത്തില്‍ എന്തിരിക്കുന്നു? അതു മനസ്സിനെ സ്വസ്ഥതയില്‍നിന്നു തെറിപ്പിച്ച് അലട്ടുകയേ ചെയ്യൂ. കൂടുതല്‍ സൂക്ഷ്മങ്ങളായ ഭൂമികകളിലെ വാസ്തവങ്ങള്‍ സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതു കണ്ഠക്ഷോഭത്തിനു കഴിയുമോ? അതുകൊണ്ട് വൃഥാലാപം പരിത്യജിക്കുക. (സത്യം) സാക്ഷാത്ക്കരിച്ചവര്‍ എഴുതിയ ഗ്രന്ഥങ്ങള്‍മാത്രം വായിക്കുക.

മുത്തുച്ചിപ്പിയെപ്പോലിരിക്കണം. ഭാരതഭൂമിയില്‍ അതിനെപ്പറ്റി ഒരു വിചിത്രകഥയുണ്ട്. ചോതിനക്ഷത്രത്തിന്റെ ഉദയ വേളയില്‍ പെയ്യുന്ന ഒരു മഴത്തുള്ളി മുത്തുച്ചിപ്പിയില്‍ വീണാല്‍ അതു മുത്താകുമത്രേ, അതു മുത്തുച്ചിപ്പികള്‍ക്കറിയാമെന്നും പറയുന്നു. അതുകൊണ്ട് ആ നക്ഷത്രം പ്രകാശിക്കുമ്പോള്‍ അവ സമുദ്രതലത്തില്‍ വന്നു വിലയേറിയ മഴത്തുള്ളി ഏറ്റുകൊള്ളുവാനായി കാത്തിരിക്കുന്നു. ഒരു തുള്ളി ഉള്ളില്‍ വീണയുടന്‍ അവ ചിപ്പികള്‍ പൂട്ടി കടലിനടിയിലേക്കു മുങ്ങുന്നു, അവിടെവെച്ചു ക്ഷമയോടുകൂടി ആ വെള്ളത്തുള്ളിയെ പോറ്റി മുത്താക്കിയെടുക്കുന്നു. അങ്ങനെ വേണം നമ്മളും. ഒന്നാമതായി തത്ത്വം കേള്‍ക്കുക, പിന്നെ അതു മനസ്സിലാക്കുക. അതിനുശേഷം വിക്ഷേപങ്ങളെല്ലാം വിട്ടുകളഞ്ഞ്, ബാഹ്യസ്പര്‍ശങ്ങളെല്ലാം പുറംതള്ളി, മനസ്സടക്കി, തന്നുള്ളിലുള്ള സത്യം സാക്ഷാത്ക്കരിക്കുവാനുള്ള ശ്രമത്തില്‍ നിമഗ്‌നനാകുക. പുതുമ കൊണ്ടുമാത്രം ഒരാശയം സ്വീകരിക്കുകയും അതിനെ അതിലും പുതിയതിനുവേണ്ടി കൈവെടിയുകയും ചെയ്യുന്നതു ശക്തികളെ വെറുതെ ചിതറിക്കളയുകയാണ്: അത് അപകടമാണ്. ഒന്ന് ഏറ്റെടുത്താല്‍ പരിശ്രമിച്ച് അതിന്റെ അവസാനം കാണണം: അതുവരെ കൈവിടരുത്.

ഒരാശയത്തിലുള്ള ആവേശംകൊണ്ട് ഉന്മത്തനാകുന്നവന്‍ മാത്രമാണു പ്രകാശം ദര്‍ശിക്കുന്നത്. ഇതിലൊന്നു കടിച്ചും അതിലൊന്നു കടിച്ചും പോകുന്നവര്‍ക്ക് ഒരിക്കലും ഒന്നും കിട്ടില്ല. അവര്‍ക്കു തെല്ലിട തങ്ങളുടെ ഇന്ദ്രിയങ്ങളെ ചൊറിഞ്ഞു രസിപ്പിക്കാം; അതുതന്നെ അവസാനം. അവര്‍ പ്രകൃതിയുടെ കൈകളില്‍പ്പെട്ട് അടിമകളായിക്കഴിയും: ഒരിക്കലും ഇന്ദ്രിയങ്ങളെ അതിക്രമിച്ചു പോവില്ല.
യോഗിയാകുവാന്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നവര്‍ ഈ സ്വാദു നോക്കുന്ന ഏര്‍പ്പാട് തീരെ വെടിയണം. ഒരു തത്ത്വം കൈക്കൊള്ളുക: ആ ഒറ്റത്തത്ത്വത്തെ സ്വന്തം പ്രാണനാക്കിവെയ്ക്കുക. അതിനെപ്പറ്റി വിചാരിക്കുക. അതുതന്നെ സ്വപ്നം കാണുക, അതു തന്നെ ജീവിതസര്‍വ്വസ്വമാക്കുക. മസ്തിഷ്‌കവും മാംസപേശികളും നാഡികളും സര്‍വ്വാംഗവും ആ ഒരു തത്ത്വംകൊണ്ടു നിറയട്ടെ: മറ്റു വിചാരങ്ങളെയെല്ലാം എങ്ങാനും വെടിഞ്ഞുകളയുക. ഇതാണു വിജയത്തിനുള്ള വഴി.

ഈ വഴിക്കാണ് അദ്ധ്യാത്മമഹാവീരന്മാര്‍ ഉണ്ടായിട്ടുള്ളത്. മറ്റുള്ളവര്‍ വെറും ചിലയ്ക്കുന്ന യന്ത്രങ്ങള്‍. നമുക്ക് യഥാര്‍ത്ഥത്തില്‍ അനുഗൃഹീതരാകണമെങ്കില്‍, മറ്റുള്ളവരെ അനുഗൃഹീതരാക്കണമെങ്കില്‍, അധികം ആഴത്തില്‍ പോവുകതന്നെ വേണം. അതിന് ആദ്യത്തെപ്പടി, മനസ്സിനെ അലട്ടാതിരിക്കുകയാകുന്നു, മനസ്സിന് അലട്ടുണ്ടാക്കുന്നവരുമായി സഹവസിക്കാതിരിക്കുകയാകുന്നു. ചില ആളുകളും ചില സ്ഥലങ്ങളും ചില ഭക്ഷ്യങ്ങളും നിങ്ങള്‍ക്കു വെറുപ്പുണ്ടാക്കുന്നത് അനുഭവമാണല്ലോ. അവ പരിത്യജിക്കണമെന്നുമാത്രമല്ല, പരമപദം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാത്തരം കൂട്ടുകെട്ടും - നല്ലതായാലും ചീത്തയായാലും - പരിത്യജിക്കതന്നെവേണം. കഠിനമായി പ്രയത്‌നിക്കണം: നിങ്ങള്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ, അതു സാരമില്ല: ഫലചിന്ത കൂടാതെ നിഷ്ഠയില്‍ നിമഗ്‌നനായി പണിയെടുക്കണം.

ധൈര്യം വേണ്ടുവോളമുണ്ടെങ്കില്‍ ആറുമാസത്തിനകം സിദ്ധയോഗിയാകാം. അതിനുപകരം ഇതിലിത്തിരിയും മറ്റെല്ലാത്തിലുമിത്തിരിശ്ശയും പരീക്ഷിച്ചു നോക്കുന്നവര്‍ക്ക് ഒന്നിലും പുരോഗതി ഉണ്ടാവില്ല. ഒരു പാഠം പംക്തി പഠിച്ചുവെച്ചിട്ട് ഒരു ഫലവുമില്ല. തമോഗുണം നിറഞ്ഞ് അന്ധരും മന്ദരുമായി ഒരാശയത്തിലും മനസ്സുറയ്ക്കാതെ വിനോദിക്കാന്‍ വല്ലതും വേണമെന്നുമാത്രം കാംക്ഷിക്കുന്ന ആളുകള്‍ക്കു മതവും തത്ത്വജ്ഞാനവുമെല്ലാം നേരമ്പോക്കിനുള്ള വകമാത്രമാണ്. വിടാതെ പരിശ്രമിക്കാന്‍ ആകാത്തവരാണവര്‍. അവര്‍ ഒരു പ്രസംഗം കേള്‍ക്കും. അതു സരസമായി എന്നു വിചാരിക്കും: വീട്ടില്‍ചെന്ന് അതു മുഴുവന്‍ മറന്നു കളയുകയും ചെയ്യും. ജയം കൈവരണമെങ്കില്‍ ഗംഭീരമായ സ്ഥിരപരിശ്രമവും ഗംഭീരമായ ഇച്ഛാശക്തിയും വേണം. ‘ഞാന്‍ കടല്‍ വെള്ളം കുടിച്ചുതീര്‍ക്കും.’ ‘ഞാന്‍ ഇച്ഛിച്ചാല്‍ പര്‍വ്വതങ്ങള്‍ തകര്‍ന്നുപോകും.’ അത്രയ്ക്ക് ഊര്‍ജ്ജിതം വേണം, അത്തരം നിശ്ചയദാര്‍ഢ്യം വേണം; കഠിനമായി പണിയെടുക്കണം: എങ്കില്‍ നിങ്ങള്‍ പരമപദത്തില്‍ എത്തുകയും ചെയ്യും

Wednesday, December 26, 2018

ആയില്യം

📍❉സര്‍പ്പദോഷ നിവാരണങ്ങള്‍❉📍
🎀➖卐➖☬ॐ☬➖卐➖🎀
സര്‍പ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമര്‍പ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല്‍ ചുട്ടു നീറുന്ന നാഗങ്ങള്‍ക്ക്‌ വെള്ളത്തില്‍ പാലോഴിച്ചുള്ള സ്നാനം ചെയ്യുന്നവരുടെ ഗൃഹത്തില്‍ സര്‍പ്പഭയമുണ്ടാകില്ല. സര്‍പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് പുള്ളുവന്‍മാരെകൊണ്ട് സര്‍പ്പപാട്ട് പാടിച്ചാല്‍ സര്‍പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സര്‍പ്പപൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിന്‍പൂവും, കൂവളത്തിലയും ചേര്‍ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്‍ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേര്‍ത്ത മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്‍ക്കും നല്‍കിയാല്‍ നാഗശാപം ഒഴിവായി കിട്ടും. ഭാഗവതത്തിലും, നാരായണീയത്തിലും കാളിയ മര്‍ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവാക്കാം. വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ അധിദേവതകളായ നാഗങ്ങളെ സ്തുതിച്ചാല്‍ സര്‍പ്പപ്രീതി ലഭിക്കും. രാഹു കേതുക്കളുടെ ദോഷത്താല്‍ അവിവാഹിതരായി കഴിയുന്ന പെണ്‍കുട്ടികള്‍ അരയാലും വേപ്പും ഒന്നിച്ചുനില്‍ക്കുന്നതിന്റെ ചുവട്ടിലെ നാഗ പ്രതിഷ്ഠകള്‍ക്ക് പാലഭിഷേകം നടത്തിയാല്‍ ദോഷം അകലും. വര്‍ഷത്തില്‍ വരുന്ന പഞ്ചമതിഥികളില്‍ വ്രതമനുഷ്ഠിച്ച് നാഗങ്ങളെ ദ്രവ്യാഭിഷേകത്തോടെ തൃപ്തിപ്പെടുത്തിയാല്‍ പാമ്പു കടിയേറ്റു മരിച്ചവ്യക്തിയുടെ ആത്മാവിന് ഗതി കിട്ടും. ആയൂരാരോഗ്യ സമ്പല്‍സമൃതിക്കും, ഗൃഹത്തില്‍ ഐശ്വര്യത്തിനും വേണ്ടി സര്‍പ്പബലി നടത്തുന്നു. നീച്ചസര്‍പ്പങ്ങളുടെ ദോഷം തീരാന്‍ സര്‍പ്പപ്പാട്ടും, ഉത്തമ സര്‍പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്‍പ്പബലിയുമാണ് പ്രതിക്രിയ. സ്വര്‍ണ്ണംകൊണ്ടോ, ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്‍പ്പപ്രതിമ സമര്‍പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന്‍ പൂക്കില മാലകള്‍ എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്‍ത്തിയും, കരിക്ക്, പാല്‍, പനിനീര്‍ എന്നിവയാല്‍ അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്‍പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം........

ആദി ശേഷനായ അനന്തന്റെ ജന്മ നക്ഷത്രം ആയില്യമാണ്.പുരാണങ്ങളില്‍ ജലനാഗമായ ആയില്യന്‍ അഥവാ ഉദസര്‍പ്പ ത്തിന്റെ തലയിലെ നക്ഷത്രങ്ങളെ ആയില്യം എന്ന് പറയുന്നു.മഹാവിഷ്ണു വിന്റെ ശയ്യയായ അനന്തന്റെ അംശാവതാരമായ ശ്രീ രാമ സോദരന്‍ ലക്ഷ്മണന്‍ ആയില്യം നാളില്‍ ജനിച്ചതായി വാല്മീകി രാമായണത്തില്‍ പറയപെടുന്നു .കൂടാതെ ആയില്യം നക്ഷത്രത്തിന്റെ അധിദേവത സര്‍പ്പമാണ്. ഈ കാരണത്താല്‍ ആയില്യം നാളില്‍ സര്‍പ്പ പൂജകള്‍ നടത്തുന്നത്.

Tuesday, December 25, 2018

അന്നാത്‍ ഭവന്തി ഭൂതാനി:

അന്നമശിതം ത്രേധാവിധീയതേ തസ്യ യത്‍സ്ഥവിഷ്ഠോ ധാതു: തത്‍ പുരീഷംഭവതി, യോ മധ്യ മഹത്തത്‍മാംസം, യോ അനിഷ്ഠ: തത്‍ മന:

അന്നത്തിന്റെ സ്ഥൂലഭാഗം മലമായിത്തീരുന്നു, മധ്യഭാഗം മാംസമായിത്തീരുന്നു, ഏറ്റവും സൂക്ഷ്മ അംശം മനസ്സായിത്തീരുന്നു.
സ്ഥൂല ആഹാരം ആദ്യം ജഠരാഗ്നിയില്‍/വൈശ്വാനര അഗ്നിയില്‍ ദഹിയ്ക്കുന്നു. -അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിത- എന്ന്‍  ഗീത.  അവിടെവെച്ച്‍ കഴിച്ച അന്നം സ്ഥൂലരൂപത്തിലുള്ള രസമായും മലമായും വിഭജിയ്ക്കപ്പെടുന്നു. രസത്തിനെ അഞ്ച്‍ ഭൂത അഗ്നികള്‍ പചിച്ച്‍ ഭൂത തന്മാത്രകളാക്കി മാറ്റുന്നു. അതിനെ വീണ്ടും  ഏഴ്‌ ധാതുഅഗ്നിയില്‍ പചിച്ച്‍ സപ്തധാതുക്കളാക്കി പരിണമിപ്പിയ്ക്കുന്നു. ഇങ്ങനെ പതിമൂന്ന്‍ അഗ്നികള്‍ ശരീരത്തില്‍ വര്‍ത്തിയ്ക്കുന്നു.


Saturday, December 15, 2018

III. Gunas

Disciple: What Guna is found in the physical body?

Guru: Tamoguna.

Disciple: What Guna is found in the Pranamaya Kosha?

Guru: Rajoguna.

Disciple: What is the Guna found in the Manomaya Kosha?

Guru: Sattva mixed with Tamas.

Disciple: What is the Guna found in the Vijnanamaya Kosha?

Guru: Sattva mixed with Rajas.

Disciple: What is the Guna found in the Anandamaya Kosha?

Guru: Sattva, technically called the Malina-Sattva (mixed with Rajas and Tamas) in contrast with Suddha-Sattva of which Maya is the embodiment.

Disciple: Where are the Karmendriyas located?

Guru: In the Pranamaya Kosha.

Disciple: Where are the Jnanendriyas located?

Guru: In the Manomaya Kosha.

Disciple: Where does Jnanasakti rest?

Guru: In the Vijnanamaya Kosha.

Disciple: Where does Iccha Sakti rest?

Guru: In the Manomaya Kosha (mind).

Disciple: Where does Kriya Sakti rest?

Guru: In the Pranamaya Kosha.

Disciple: Please illustrate the function of Jnana Sakti, Iccha Sakti and Kriya Sakti.

Guru: You get knowledge of milk through intellect. You come to know that milk nourishes the body. This is the work of the Jnana Sakti of the Vijnanamaya Kosha. Then a desire arises in the mind to possess milk. This is the work of the Iccha Sakti or the Manomaya Kosha. Then you exert to obtain milk. This is the work of the Kriya Sakti of the Pranamaya Kosha.

Friday, December 14, 2018

പരമാർത്ഥം

ഹരി ഓം

ശരീരത്തിന്റെ ഉള്ളില്‍ ഹൃദയഗഹ്വരത്തില്‍ ജനനമില്ലാത്ത ഒന്ന് നിത്യം വസിക്കുന്നു.

അതിന്റെ ശരീരം പൃഥ്വിയാണ്. അത് പൃഥ്വിക്കുള്ളില്‍ വസിക്കുന്നു വെങ്കിലും പൃഥ്വി അതറിയുന്നില്ല. ജലം അതിന്റെ ശരീരമാണ്. അത് ജലത്തിനുള്ളില്‍ വസിക്കുന്നുവെങ്കിലും ജലം അതറിയുന്നില്ല. അതിന്റെ ശരീരം തേജസ്സാണ്. അത് തേജസ്സിനുള്ളില്‍ വസിക്കു ന്നുവെങ്കിലും തേജസ്സ് അതറിയുന്നില്ല. അതിന്റെ ശരീരം വായുവാ ണ്. അത് വായുവിനുള്ളില്‍ താമസിക്കുന്നുവെങ്കിലും വായു അത് അറിയുന്നില്ല.

ആകാശം അതിന്റെ ശരീരമാണ്. അത് ആകാശത്തിനുള്ളില്‍ വസിക്കുന്നുവെങ്കിലും ആകാശം അതറിയുന്നില്ല. അതിന്റെ ശരീരം മനസ്സാണ്. അത് മനസ്സിനുള്ളിലാണ് വസിക്കുന്നതെങ്കിലും മനസ്സ് അതറിയുന്നില്ല.

ബുദ്ധി അതിന്റെ ശരീരമാണ്. അത് ബുദ്ധിക്കുള്ളില്‍ വസിക്കുന്നു വെങ്കിലും ബുദ്ധി അതിനെ അറിയുന്നില്ല. അതിന്റെ ശരീരം അഹങ്കാരമാണ്. അത് അഹങ്കാരത്തിനുള്ളിലാണ് വസിക്കുന്ന തെങ്കിലും അഹങ്കാരം അത് അറിയുന്നില്ല. ചിത്തം അതിന്റെ ശരീരമാണ്. അത് ചിത്തത്തിനുള്ളിലാണെങ്കിലും ചിത്തം അതറിയുന്നില്ല. അതിന്റെ ശരീരം അവ്യക്തമാണ്. അത് അവ്യക്തത്തിന്റെ ഉള്ളിലാണ് വസിക്കുന്നതെങ്കിലും അവ്യക്തം അതിനെ അറിയുന്നില്ല.

അതിന്റെ ശരീരം അക്ഷരമാണ്. അത് അക്ഷരത്തിനുള്ളിലാണ് വസിക്കുന്നതെങ്കിലും അക്ഷരം അതറിയുന്നില്ല. അതിന്റെ ശരീരം മൃത്യുവാണ്. അത് മൃത്യുവിന്നുള്ളിലാണ് വസിക്കുന്നതെങ്കിലും മൃത്യു അതിനെ അറിയുന്നില്ല. അതുതന്നെയാണ് ഇക്കാണുന്ന സര്‍വ ഭൂതങ്ങളുടെയും അന്തരാത്മാവ്. അതിന്റെ പാപങ്ങള്‍ നശിച്ചു പോയിരിക്കുന്നു. അതുതന്നെ ഏകനും ദിവ്യനുമായ നാരായണന്‍. ദേഹേന്ദ്രിയാദി അനാത്മ പദാര്‍ത്ഥങ്ങളും അതിനുമുപരി ഞാനെ ന്നും എന്റേത് എന്നും ഉള്ള ഭാവവും ഉണ്ട്. അത് ഭ്രമം മാത്രം. അതുകൊണ്ട് അറിവുള്ളവര്‍ ബ്രഹ്മനിഷ്ഠയാല്‍ ഈ അധ്യാസം അകലെയാക്കണം.

അധ്യാത്മോപനിഷത്ത്‌

Wednesday, December 12, 2018

വിശേഷേണയുള്ള ശ്രമത്തെയാണ്‌ വിശ്രമം എന്ന്‌ പറയുന്നത്‍.

സാധാരണ ഒരു ശ്രമം, ഒരു ജോലി,ഒരു പണി എടുത്തുകൊണ്ടിരിക്കുന്നതിനെ ശ്രമം എന്ന്‌ പറയും. പണിയെടുത്ത്‌ ക്ഷീണം തോന്നിയിട്ട്‍  ശാരീരിക ശ്രമങ്ങള്‍ ഒന്നും ചെയ്യാതിരിക്കുമ്പോള്‍ അതിനെ വിശ്രമം എന്ന്‌ സാധാരണ പറയാറുണ്ട്‍. എന്നാല്‍ വിശേഷേണയുള്ള ശ്രമത്തെയാണ്‌ വിശ്രമം എന്ന്‌ പറയുക. എടുക്കുന്ന പണിയെ വിട്ട്‍ മറ്റൊരു വിശേഷപ്പെട്ട പണിയില്‍ ഏര്‍പ്പെടുക. അതാണ്‌ വിശ്രമം.   നമ്മുടെയൊക്കെ ശബ്ദകോശത്തില്‍ ഒന്നും ചെയ്യാതിരിക്കുന്നതിനെയാണ്‌ വിശ്രമം എന്ന്‌ പറയുന്നത്‍.  ശ്രദ്ധിച്ച്‍ നോക്കിയാല്‍,  വിശ്രമം എന്ന്‌ പറയുന്നതും ഒരു ജോലിതന്നെയാണ്‌.  സൂക്ഷ്മമായി ചിന്തിച്ചാല്‍,  തൊരു ജോലിയാണോ ചെയ്തുകൊണ്ടിരിക്കുന്നത്‍, അതിനേക്കാള്‍ അധികം പ്രാധാന്യം വിശ്രമം എന്ന പണിക്കുണ്ട്‍.   വിശ്രമമെന്ന വാക്കിനെ വിശകലനം ചെയ്താമതി.. 

Monday, December 10, 2018

യോഗശാസ്ത്രപ്രകാരം നവഗ്രഹങ്ങൾ ഒമ്പതും നമ്മുടെ ശരീരത്തിലെ പല ചക്രങ്ങളിൽ സ്ഥിതി ചെയ്യുന്നു. സൂര്യൻ മൂലധാരത്തിലും,ചന്ദ്രൻ സ്വാധിഷ്ഠാ‍നത്തിലും ചൊവ്വ മണിപുരകത്തിലും, ബുധൻ അനഹതയിലും ,ഗുരു വിശുദ്ധിയിലും, ശുക്രൻ ബ്രൂമദ്ധ്യത്തിലും ആ‍ണ് .എന്നാൽ ശനിയാകട്ടെ മനുഷ്യ ശരീരത്തിൽ എറ്റവും ഉയർന്ന ഭാഗത്തുള്ള സഹസ്രര- ചക്രത്തിലുമാണ് കുടികൊള്ളുന്നത്. രാഹുവും കേതുവും ജീവനാഡികളിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്.

ഇതെല്ലാം ഒരു അന്ധവിശ്വാസമല്ലേ, എന്ന തെറ്റിധാരണ ഉണ്ടാകാം. അല്ലെന്നുള്ളതിനു തക്ക തെളിവാണ്  യോഗാസനം.

യോഗാസനം പരിശീലിക്കുന്ന ഒരാൾ  വസ്തവത്തിൽ  ചെയ്യുന്നത് ഈ ഗ്രഹങ്ങളെ നമസ്കരിക്കുകയാണ്. സൂര്യനമസ്കാരം അതിനൊരു ഉദാഹരണമാണ്.

Tuesday, December 4, 2018

എന്റെ ആത്മാവ്

മഹേശ്വര ! എന്റെ ആത്മാവാണ് നീ ,എന്റെ ബുദ്ധിയാണ് പാര്‍വതി .എന്റെ പ്രാണനാണ് നിന്റെ സേവകര്‍ .എന്റെ ശരീരം ആണ് നിന്റെ വീട്.എന്റെ കര്‍മ്മങള്‍ നിന്റെ പൂജ ,നിദ്ര ആണ് സമാധി .ഞാന്‍ പോകുന്നത് എല്ലാം പ്രദിക്ഷിണം.സംസാരിക്കുന്നത് എല്ലാം സ്തൂതികള്‍ .ഇപ്രകാരം ചെയ്യൂന്നത് എല്ലാം ആരാധന ആകൂന്നൂ .

ചുരൂക്കത്തില്‍ ശൂദ്ധ ഈശ്വര ഭാവനയില്‍ ചെയ്യൂന്ന ഏതൂ കര്‍മ്മവൂം പൂജയായി നമ്മളെ ഉദ്ധരിക്കുന്നു.

ശിവാനന്ദലഹരി

Monday, December 3, 2018

ഷഡാധാരവും അതിലെ ദേവതമാരും:-
<><><><><><><><><><><><><><><><><> 

മനുഷ്യശരീരത്തിലെ  നട്ടെല്ല് മൂലാധാരം മുതൽ സഹ്രസാരം വരെ വ്യാപിക്കുന്നു. ഇതിൽ (നട്ടെല്ലിൽ) 33 കശേരുക്കളാണ് ഉള്ളത്. ഈ നട്ടെല്ലുനിര തന്നെയാണ് മുപ്പത്തിമുക്കോടി ദേവന്മാരുടെയും ആവസസ്ഥാനമായ മേരു.

 നട്ടെല്ലുനിരകൾക്കുള്ളിലൂടെ മൂലാധാരം മുതൽ സഹസ്രാരം വരെ  വ്യാപിച്ചിരിക്കുന്ന സുഷുമ്നാനാഡിയാണ് ജന്തുശരീരത്തിലെ  സർവ്വശക്തികളെയും വഹിക്കുന്ന ശക്തി - സഞ്ചയപഥം നമ്മുടെ ശരീരത്തിലെ സകല പ്രവർത്തനങ്ങളും  ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നീ മൂന്നു ശക്തികളുടെ പരിണതഫലങ്ങളാണ്.

 ശാരീരിക പ്രവർത്തനങ്ങളെല്ലാംതന്നെ മൂലാധാരവും മസ്തിഷ്കവും തമ്മിലുള്ള ഒരു ശക്തിധാര പ്രവാഹത്തിൽ  സംഭവിക്കുന്നു. സുഷുമ്നാനാഡിയെ ചുവടിൽനിന്ന് മേൽഭാഗത്തു മസ്തിഷ്കം വരെയുള്ള ഭാഗത്തെ ആറ് ആധാരങ്ങൾ ആയി വിഭജിച്ചിരിക്കുന്നു.മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, ഇതിനെല്ലാം മീതെ മസ്തിഷകമാകുന്ന സഹാസ്രാരപത്മം സ്ഥിതി ചെയ്യുന്നു.

 നട്ടെല്ലിന്റെ കീഴിലുള്ള മൂലാധാരത്തിൽ സർപ്പാകാരമായ തന്റെ ശരീരത്തെ  മൂന്നുചുറ്റായിചുരുട്ടി അധോമുഖിയായി സാക്ഷാൽ ത്രിപുരിസുന്ദരിയായ കുണ്ഡലിനി ഉറങ്ങുന്നു.   ഇതിലെ മൂന്നുചുരുൾ മൂന്നു ഗുണത്തെയും ( സത്വരജസ്തമോ ഗുണങ്ങൾ )  അരചുരുൾ വികൃതികളേയും പ്രതിനിധാനം ചെയ്യുന്നു.

മൂലാധാരചക്രം :-
<><><><><><><>

ഗണപതിയെ മൂലാധാരക്ഷേത്രത്തിന്റെ അധിപതിയായി. കൽപിക്കുന്നു. ഇത് "ഭൂ" തത്ത്വത്തിന്റെ സ്ഥാനമാകുന്നു. "ലാ" എന്ന ബീജാക്ഷരം കൊണ്ട് തന്ത്രികർ ഇതിൽ  ന്യാസം കൽപിക്കുന്നു. ഇതിന് ബ്രഹ്മചക്രം എന്നും പേരുണ്ട്. ഇതിനു നാലു ദളങ്ങൾ ഉണ്ട്. തന്ത്രികർ വ, ശ, ഷ, സ, എന്നി ചതുരാക്ഷരങ്ങളെ ദളങ്ങളിൽ ന്യാസിക്കുന്നു. ഓരോ ദളത്തിന്റെയും ദേവതകൾ വരദ, ശ്രീ, ഷണ്ഡ, സരസ്വതി, ചക്രത്തിൽ കർണികയിൽ ഒരു ത്രികോണമുണ്ട് (കാമയോനി) ഇച്ച, ശക്തി, ക്രിയ, ഇങ്ങനെ ത്രിഗുണങ്ങളോടുകൂടിയതാണിത് . മൂലാധാരത്തിൽ ത്രിവലയത്തിനുള്ളിൽ ചതുർദളപത്മവും അതിനുള്ളിൽ ത്രികോണകർണികയും തന്മദ്ധ്യത്തിൽ പാവകപ്രഭപൂണ്ട കുണ്ഡലിനിയും ധ്യാനിക്കപ്പെടുന്നു. "കുണ്ഡലിനിതം" എന്ന ശബ്ദത്തിന് ചുറ്റപ്പെട്ടത് എന്നാണ് അർത്ഥം. മനുഷ്യശരീരത്തിലെ  ജീവാത്മാവിന്റെ സ്ഥാനം എന്നനിലയിലാണ് യോഗികൾ ആ സ്ഥാനത്തിൽ ഒരു കുണ്ഡലിത ശക്തിയെ സങ്കൽപിച്ചു വരുന്നത്. ഭാവനാ സൗകര്യാർത്ഥം ചുറ്റിക്കിടക്കുന്നു. ഒരു സർപ്പത്തിന്റെ രൂപം അതിനു കൽപ്പിച്ചിരിക്കുന്നുവെന്നു മാത്രം. അല്ലാതെ അവിടെ കീറി നോക്കിയാൽ ഒരു ഒരു പത്മത്തെയോ സർപ്പത്തെയോ കാണാൻ കഴിയില്ല , അവ തത്ത്വങ്ങളുടെ പ്രതീകങ്ങൾ  മാത്രമാണ്.

സ്വാധിഷ്ഠാനചക്രം :-
<><><><><><><><> 

ഇതിൽ ബ്രഹ്മാവാണ് ദേവത ഇതിന് ആറ് ദളങ്ങൾ ഉണ്ട്. പവിഴമൊട്ടുപോലെ പ്രകാശിക്കുന്നതും പശ്ചിമാഭിമുഖമായ ശിവലിംഗത്തെ ധ്യാനിക്കണം. ലോകത്തെ മുഴുവൻ  ആകർഷിക്കുവാനുള്ള ശക്തി ഈ ആധാരത്തിലെ സമാധിജയം കൊണ്ട് സിദ്ധിക്കുന്നു.  രത്നപ്രകാശത്തോടെ കുങ്കുമവർണ്ണത്തിൽ ആറു ദളങ്ങളിൽ ബ, ഭ, മ, യ, ര, ല,  (യഥാക്രമത്തിൽ ബന്ധിനി, ഭദ്രകാളി, മഹാമായ, യശസ്വിനി, രമ, ലംബോഷ്ഠി )  എന്നീ അക്ഷരങ്ങൾ ന്യാസിക്കുന്നു. ഇതിന്റെ സ്ഥാനം ലിംഗദേശത്തിനു പിന്നിലുള്ള നട്ടെല്ലിലെ കശേരുക്കളായിട്ടു വരും. ബീജാക്ഷരം "വം"  ഷഡ്ചക്രങ്ങളിൽ ചക്രംതോറും അഭ്യന്തരങ്ങളിൽ ഈരണ്ടു  ഗ്രന്ഥികൾ വീതമുണ്ട്. മൂലാധാരപത്മത്തിന്റെ  അധോഗ്രന്ഥി മൂലാധാരചക്രവും ഉപരിഗ്രന്ഥി സ്വാധിഷ്ഠാനചക്രവുമാകുന്നു. ലളിതാസഹസ്രാനാമത്തിൽ  " മൂലാധാരൈകനിലയാ ബ്രഹ്മഗ്രന്ഥി വിഭേദിനി"  എന്ന് ദേവിയെ സ്തുതിക്കുന്നുണ്ട് . ഇവിടെ ബ്രഹ്മഗ്രന്ഥി വിഭേദിനിയായിട്ട്  കൽപ്പിച്ചത് സ്വാധിഷ്ഠാന പത്മാന്തർഗതയായ ദേവിയെയാണ്. ഇവിടെ ജലതത്ത്വം , സിന്ദൂരത്തിന്റെ നിറം.

മണിപൂരകചക്രം :-
<><><><><><><><>
ഇതിൽ വിഷ്ണുവാണ് ദേവത. സ്വാധിഷ്ഠാനചക്രത്തിൽ നിന്നും പത്തരയംഗുലം മുകളിൽ സ്ഥിതിചെയ്യുന്ന മണിപൂരക ചക്രത്തിന് 10 ദളങ്ങൾ  ഉണ്ട്. ഡ,ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ, ( 10 അക്ഷരങ്ങൾ )  ഡമരി,  ഢംകാരി, ണാമരി, താമസി, സ്ഥാണി, ദാക്ഷായണി, ധാത്രി, നാരായണി,  പർവ്വതി, ഫട്കാരി, എന്നീ  ശക്തിദേവതകൾ. ശക്തേയ ഉപാസകർ ദേവിയെ ഈ മണിപൂരക പീഠത്തിൽ ആവാഹിച്ചിരുത്തി . രത്നാഭരണങ്ങൾ കൊണ്ട് അലങ്കരിച്ച് പൂജിക്കുന്നു. ഇവിടെ അഗ്നിതത്ത്വം. ബീജാക്ഷര മന്ത്രം "രം" മഞ്ഞനിറം.

അനാഹത ചക്രം :-
<><><><><><><><
ഇതിൽ രുദ്രനാണ് ദേവത, ഹൃദയത്തിൽ അധോമുഖവും അവികസിതവും ആയി ഒരു പത്മത്തെ ആദ്യം ഭാവന ചെയ്യണം. പ്രാണായാമ പ്രത്യാഹാര ധാരണങ്ങൾകൊണ്ട് അതിനെ ഊർദ്ധ്വമുഖമാക്കണം.( സങ്കലപ്പം കൊണ്ട് ഉയർത്തണം )  സങ്കൽപ്പം കൊണ്ട് തന്നെ അതിനെ വികസിപ്പിക്കുകയും വേണം. മണിപൂരകത്തിൽനിന്ന്  14 അംഗുലം മുകളിൽ മിന്നൽപ്പിണറിന്റെ ശോഭയോടെ വർത്തിക്കുന്നു. ഇതിന് 12 ദളങ്ങളാണുള്ളത്. ക,ഖ,ഗ, ഘ, ങ,ച, ഛ, ജ, ഝ, ഞ, ട, ഠ, യഥാക്രമം കാളരാത്രി, ഖാവിത്രി, ഗായത്രി, ഘണ്ടാധാരിണി, ജാർണ്ണ, ചണ്ഡാ, ഛായ, ഝംകാരി, ജ്ഞാനരൂപാ, ടംകസ്ഥാ, ഠംകാരി, എന്നീ ശക്തി ദേവതകൾ ആണ്. ഇതിന് വിഷ്ണുഗ്രന്ഥിയെന്നും എന്നും പറയുന്നു.

വിശുദ്ധി ചക്രം:-
<><><><><><><>

ഇതിൽ മഹാദേവനാണ് ദേവത. അനാഹതത്തിൽ നിന്നും 6 അംഗുലം മുകളിലായി കണ്ഠത്തിൽ ആണ് വിശുദ്ധി ചക്രം, ഇതിന് ചാരനിറമാണ്, 16 ദളങ്ങൾ ഉണ്ട്. അ, ആ, ഇ, ഈ, ഉ, ഊ, ഋ, ഋൗ, നു, നൗ, എ, ഐ, ഒ, ഔ, അം,  അഃ യഥാക്രമം അമൃത, ആകർഷണി, ഇന്ദ്ര, ഈശാനി, ഉമാ, ഊർദ്ധ്വകേശി, ഋദ്ധിത, ഋനപാനുതി, നൗതാ, ഏകപാദാ, ഐശ്വര്യ, ഓങ്കാകരി, ഓഷാധാത്മിക,  അംബിക, അക്ഷയ എന്നീശക്തി ദേവതകൾ, ജീവൻ  പരിശുദ്ധമാക്കുന്ന ഇടം. ഗുരുലാഭം ഉണ്ടാകുമെന്നർത്ഥം, അതിനാലാണ് വിശുദ്ധി എന്നപേർ വന്നത് . ആകാശതത്ത്വം , ബീജാക്ഷരമന്ത്രം "ഹം" .

ആജ്ഞാചക്രം :-
<><><><><><>

ഇതിൽ സദാശിവനാണ് ദേവത. വിശുദ്ധിയിൽ നിന്നും 9 അംഗുലം മുകളിലായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ മുകളിലാണത്രെ ഉഢ്യാണ പീഠം. ഇവിടെ മഹാകാലൻ , ഹാകിനി,  എന്നിവർ വസിക്കുന്നു.  രണ്ട് അക്ഷരങ്ങളാണുള്ളത്. ഹ, ക്ഷ, ഹംസവരി, ക്ഷമ എന്നീ ശക്തിദേവതകൾ. അജ്ഞയുടെ കർണ്ണികാ മദ്ധ്യത്തിൽ അനന്തകോടി പ്രഭയോടെ  കാണപ്പെടുന്ന തേജസ്സത്രെ തുരീയലിംഗം. എന്നാൽ ഇതിന് താഴെയുള്ള ആറാധാരങ്ങളേയും മുകളിലുള്ള ആറാധാരങ്ങളേയും സൂചിപ്പിക്കുന്ന രണ്ട് ദളങ്ങൾ നാലു ദളങ്ങളെന്നും പക്ഷാന്തരമുണ്ട്. മുകളിലത്തെ ആറാധാരങ്ങൾ സാധാരണക്കാർക്ക് അപ്രാപ്യമാണ്. സാധകൻ സ്വാനുഭാവത്തിൽ നേടിയേടുക്കേണ്ടതു മാത്രം. അവ (1) കൈലാസം, (2)ബോധിനി, (3) ബിന്ദു, (4) നാദം, (5) ശക്തി, (6) സഹസ്രാരം. ഇതിൽ സഹസ്രാരം ഒഴിച്ച് അഞ്ചും നെറ്റിയിൽ ആണ്ണ്, ആജ്ഞയിൽ  ചന്ദ്രന്റെ കലകൾ 64 ആണ്ണ്, ഇതിനെ ബ്രഹ്മഗ്രന്ഥി എന്നും പറയുന്നു .  വെള്ളനിറം  ബീജാക്ഷര മന്ത്രം സ്വം.

സഹസ്രാരം :-
<><><><><>

ഇത് സകല വർണ്ണങ്ങളോടു കൂടി സരവ്വ ദേവത മയമായിരിക്കുന്നു. എന്നാൽ ഇതു  അധോമുഖമാണ്( കമഴ്ത്തിവെച്ച താമർപൂ പോലെ)  സഹദ്രാര കർണികയിൽ  പശ്ചിമാഭിമുഖമായിരിക്കുന്ന ഒരു ത്രികോണമുണ്ട്., ഇത്  കുങ്കുമവർണ്ണമായിരിക്കുന്നു . ആ ത്രികോണ  യോനിയുടെ ഉള്ളിലേക്ക് സുഷ്മനയുടെ അഗ്രദ്വാരത്തോടുകൂടി  കടന്നിരിക്കുന്നതിനെ ബ്രഹ്മരന്ധ്രമെന്നു പറയുന്നു. ദക്ഷിണഭാഗത്ത് പിംഗളാ വാമഭാഗത്ത് ഇഡ, മദ്ധ്യേ സുഷുമ്ന ഇവമൂന്നും ഒന്നായി  സംഗമിക്കുന്നു.  ബ്രഹ്മന്ധ്രത്തി;ൽ ഇഡയിൽ  ചന്ദ്രകലയും, പിംഗളയിൽ സൂര്യകലയും,  സുഷുമ്നയിൽ  അഗ്നികലയും  വർത്തിക്കുന്നു,.

ഗംഗയും, യമുനയും, സരസ്വതിയും  ഒത്തു ചേരുന്നിടമാണ്. അതായത് ത്രിവേണി (ബ്രഹ്മരന്ധ്രം)  അവിടെ സ്നാനം ചെയ്യുന്നവൻ കാലത്തായാൽപ്പോലും അപ്പോൾ തന്നെ മോക്ഷമടയുന്നു.