Saturday, October 13, 2018

സന്യാസിമാർ നാലു തരത്തിലുണ്ട്.

വൈരാഗ്യ സന്യാസി, ജ്ഞാന സന്യാസി, ജ്ഞാന വൈരാഗ്യ സന്യാസി, കര്മ്മസന്യാസി എന്ന് സന്യാസോപനിഷത് വിശദീകരിക്കുന്നു.

കണ്ടതും കേട്ടതുമായ വിഷയങ്ങളോട് താത്പര്യമില്ലാതെ പൂർവ പുണ്യഫലമായി വൈരാഗ്യം വന്നതിനാൽ സംന്യസിച്ച വ്യക്തിയെ ആണ് വൈരാഗ്യസന്യാസിയെന്ന് പറയുന്നത്.

ശാസ്ത്രജ്ഞാനം നേടി ലോകത്തിലെ നന്മ തിന്മകൾ അനുഭവിച്ചറിഞ്ഞ് പ്രപഞ്ചത്തിനു നേര്ക്കുള്ള താത്പര്യം വിട്ട് ദേഹവാസന ശാസ്ത്രവാസന ലോകവാസന എന്നീ ഏഷണത്രയം വിട്ട് എല്ലാ വിധത്തിലുമുള്ള പ്രാപഞ്ചിക വൃത്തികളും ഛര്ദ്ദിച്ചിട്ട പദാര്ഥം പോലെ കരുതി സാധനാ ചതുഷ്ടയം ചേര്ന്ന് സന്യാസം സ്വീകരിക്കുന്നവനാണ് ജ്ഞാന സന്യാസി.

ക്രമാനുസൃതമായി സകലതും അഭ്യസിച്ച് എല്ലാറ്റിന്റേയും അനുഭവം നേടി ജ്ഞാനവൈരാഗ്യ തത്ത്വങ്ങൾ ശരിക്കും ഗ്രഹിച്ച് ദേഹം മാത്രം അവശേഷിപ്പിച്ച് സംന്യാസം സ്വീകരിക്കുന്നവനാണ് ജ്ഞാനവൈരാഗ്യസംന്യാസി.

ബ്രഹ്മചര്യം, ഗാര്ഹസ്ഥ്യം വാനപ്രസ്ഥം എന്നീ മൂന്നാശ്രമങ്ങളേയും യഥാവിധി നിർവഹിച്ചതിനുശേഷം വൈരാഗ്യം ഉണ്ടായില്ലെങ്കിൽ പോലും നിയമാനുസരണം സംന്യാസം സ്വീകരിക്കുന്നവനാണ് കര്മ്മസന്യാസി.
**************

സന്യാസിമാർ ആറുവിധമാണ്. കുടീചകൻ, ബഹൂദകൻ, ഹംസൻ, പരമഹംസൻ, തുരീയാതീതൻ, അവധൂതൻ.

ഇതിൽ കുടീചകൻ ശിഖയും പൂണൂലും ധരിച്ച് ദണ്ഡം കമണ്ഡലു, കൌപീനം, കന്ഥ, കമ്പിളാ എന്നിവയോടുകൂടി പീഠം, കുന്താലി, ശിക്യം എന്നിവയുമായി ഒരിടത്തുനിന്നു മാത്രം ഭക്ഷണം കഴിച്ച് ശ്വോതോര്ധ്വപുണ്ഡ്രധാരിയായി ത്രിദണ്ഡം സഞ്ചരിക്കുന്നു.

ബഹൂദകൻ ശിഖ, കന്ഥ എന്നിവ ധരിക്കുന്നവനും എല്ലാ വിധത്തിലും കുടീചകനെപോലെ തന്നെ ചെയ്യുന്നവനും, എട്ടുരുള ചോറുമാത്രം ഭക്ഷിക്കുന്നവനുമാണ്.

ഹംസൻ ജടാധാരിയാണ്. ത്രിപുണ്ഡവും അര്ദ്ധപുണ്ഡ്രധാരിയും പലയിടത്തും നിന്നും ചോദിച്ചു വാങ്ങി ഭക്ഷണം കഴിക്കുന്നവനും കൌപീനമാത്ര ധാരിയുമാണ്. അഞ്ചുവീടുകളിൽ നിന്നും കൈയില് ഭിക്ഷ സ്വീകരിക്കുന്നു.

അല്ലെങ്കിൽ ഭസ്മം ധരിച്ച് ഒരു വിരിപ്പു മാത്രം സ്വീകരിച്ച് സകലതും കൈവെടിഞ്ഞു ജീവിക്കുന്നവനാണ് പരമഹംസൻ.

സർവസംഗപത്യാഗിയാണ് തുരീയാതീതൻ. അവൻ ഗോമുഖവൃത്തിയും മൂന്നു വീടുകളിൽ നിന്ന് അന്നമോ ഫലമൂലാദികളോ ഭിക്ഷയായി സ്വീകരിക്കുന്നവനും ദേഹമാത്രം പുലര്ത്തുന്നവനും ദിഗംബരനുമാണ്. അവൻ സ്വന്തം ശരീരത്തെ മൃതശരീരം പോലെ കരുതി ജീവിതം നയിക്കുന്നു.

അവധൂതന് യാതൊരു നീയമവുമില്ല. അവൻ പതീതന്മാരും നിന്ദിതന്മാരും ഒഴികെ എല്ലാ വര്ണ്ണങ്ങളിൽ നിന്നും പെരുമ്പാമ്പിന്റെ മട്ടിൽ കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെട്ട് കഴിഞ്ഞുകൂടുന്നു. അവൻ സ്വസ്വരൂപാനുസന്ധാനത്തിൽ മുഴുകിയിരിക്കുന്നു.

No comments:

Post a Comment