പ്രാണന്‍ ഒന്നാണെങ്കിലും അത് അഞ്ചുരൂപങ്ങളില്‍ പ്രകടനം ചെയ്യുന്നു. പഞ്ചപ്രാണങ്ങളും അവയുടെ ധര്‍മ്മങ്ങളും- 1) പ്രാണന്‍: ഹൃദയമാണ് സ്ഥാനം. ശ്വസോച്ഛ്വാസകര്‍മ്മങ്ങളെ നിയന്ത്രിക്കുന്നു. 2) അപാനന്‍: സ്ഥാനം ഗുദമാണ്. മലവിസര്‍ജ്ജനമാണ് കര്‍മ്മം. 3) സമാനന്‍: നാഭിയിലിരുന്നുകൊണ്ട് ദഹനപ്രക്രിയ ചെയ്യുന്നു. 4) ഉദാനന്‍: തൊണ്ടയിലിരുന്ന് ആഹാരത്തെ ഇറക്കിവിടുന്നു. ജീവനെ നിദ്രയിലാഴ്ത്തുന്നു. മരണാവസരത്തില്‍ ശരീരത്തില്‍നിന്ന് ആത്മാവിനെ വേര്‍പെടുത്തുന്നു. 5) വ്യാനന്‍: ശരീരമാസകലം സഞ്ചരിക്കുന്നു. രക്തചംക്രമണമാണ് പ്രവൃത്തി. പഞ്ചപ്രാണങ്ങളെക്കൂടാതെ പഞ്ച ഉപപ്രാണങ്ങളും ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. അവയെയും അവയുടെ പ്രവൃത്തികളെയും ചുരുക്കിപ്പറയാം- 1) നാഗന്‍-ഏമ്പക്കം, ഇക്കിള്‍ എന്നിവയ്ക്കു കാരണം. 2) കൂര്‍മ്മന്‍- കണ്ണുകളെ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന പ്രാണനാണിത്. 3) ക്രികരന്‍-വിശപ്പും ദാഹവും ഉണ്ടാകാന്‍ പ്രേരണചെലുത്തുന്നു. 4) ദേവദത്തന്‍-കോട്ടുവായ ഇടീക്കുന്നു. 5) ധനഞ്ജയന്‍- മരണത്തിനു ശേഷം ശരീരത്തെ പഞ്ചീകരണം ചെയ്യിക്കുന്നു. പഞ്ചപ്രാണങ്ങളുടെയും പഞ്ച ഉപപ്രാണങ്ങളുടെയും സ്ഥാനങ്ങളും ധര്‍മ്മങ്ങളും അറിയുമ്പോള്‍ പ്രാണന്‍ എന്ന മഹാപ്രതിഭാസത്തിന്റെ അതിശക്തിപ്രസരം എത്രമാത്രമുണ്ടെന്ന് അനുമാനിക്കാമല്ലൊ. പ്രാണായാമ സാധനകൊണ്ട് ഷഡാധാരങ്ങളില്‍ ഒന്നാമത്തേതായ മൂലാധാരത്തില്‍ സുഷുപ്തിയിലാണ്ടിരിക്കുന്ന കുണ്ഡലിനീശക്തിയെ ഉണര്‍ത്തി പ്രാണനെ അപാനനോടുചേര്‍ത്ത് ക്രമേണ ഷഡാധാരചക്രങ്ങളെ കടത്തി മൂര്‍ദ്ധാവിലുള്ള സഹസ്രാരപത്മത്തില്‍ എത്തിക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. അതിന് സാധകന്‍ ചെയ്യേണ്ടത് ഇതാണ്- ഇരുസന്ധ്യകളിലും, അഥവാ ലഭ്യവും അനുകൂലവുമായ സമയങ്ങളില്‍, ഏകാഗ്രബുദ്ധിയോടെ പ്രാണനെ ഉള്ളിലേക്കെടുത്ത്, പ്രാണനെ മനസ്സിലും നാസികാഗ്രത്തിലും നാഭീമദ്ധ്യത്തിലും കാല്‍വിരലുകളുടെ അഗ്രഭാഗത്തും സങ്കല്‍പിച്ചു കേന്ദ്രീകരിച്ച് ഉള്ളില്‍ നിര്‍ത്തുക. പ്രാണനെ നാസികാഗ്രത്തില്‍ കേന്ദ്രീകരിച്ചു സങ്കല്‍പിക്കുന്നതുകൊണ്ട് വായുവിന്റെ സൂക്ഷ്മാംശങ്ങളിന്മേല്‍ നിയന്ത്രണമാര്‍ജ്ജിക്കാന്‍ കഴിയുന്നു. നാഭീമദ്ധ്യത്തില്‍ പ്രാണനെ സങ്കല്‍പിക്കുന്നതുകൊണ്ട് എല്ലാ രോഗങ്ങളും നശിപ്പിക്കപ്പെടുന്നു. കാല്‍നഖാഗ്രങ്ങളില്‍ സങ്കല്‍പിക്കപ്പെടുന്നതുകൊണ്ട് ശരീരം ലാഘവത്വത്തെ പ്രാപിക്കുന്നു. ഇപ്രാകരം അനന്യലഭ്യമായ അനേകം നേട്ടങ്ങള്‍ പ്രാണായാമം കൊണ്ട് ആര്‍ജ്ജിക്കാന്‍ സാധിക്കുന്നു.
No comments:
Post a Comment