Friday, November 16, 2018

മനസ്സിന്റെ സ്വഭാവം

ഇനിയും  മനസ്സിന്റെ  സ്വഭാവം  എന്താണെന്ന്  ഞാന്‍  വിവരിക്കാം.  ബുദ്ധിയുടെയും ഇന്ദ്രിയങ്ങളുടെയും സംഗമസ്ഥാനമാണ്  മനസ്സിന്റെ  ആസ്ഥാനം.  അത്  രജോഗുണത്തിന്റെ  തോളില്‍  കയറിയിരുന്നു  കൊണ്ട്  ചാഞ്ചല്യത്തോടെ  പ്രവര്‍ത്തിക്കുന്നു. അംബരനീലിമപോലേയോ  മൃഗതൃഷ്ണയിലെ  തിരമാലപോലെയോ  മനസ്സ്  ഒരു ഭുമികവസ്തുവാണ്.  രേതസ്സ്  ഗര്‍ഭബീജവുമായി  ചേര്‍ന്ന്  പഞ്ചഭൂതങ്ങളില്‍  നിന്ന് ശരീരം  രൂപം  പ്രാപിക്കുമ്പോള്‍  പ്രാണതത്വം  പത്തായി  പരിണാമപ്പെട്ട് ,  ദേഹധര്‍മ്മമ നുസരിച്ച്,  ശരീരത്തിന്റെ  പത്തുഭാഗങ്ങളില്‍  വസിക്കുന്നു.  പ്രാണരക്ഷക്കുള്ള  ഈ പത്ത്  വായുക്കളിലും  അടങ്ങിയിരിക്കുന്ന  ശുദ്ധചാഞ്ചല്യമെന്ന  ശക്തി  ബുദ്ധിയുടെ നിയന്ത്രണത്തിനു  പുറത്താണ്. 

എന്നാല്‍  അത്  അഹങ്കാരത്തിന്റെ  പ്രവര്‍ത്തന  മണ്ഡലത്തില്‍ ആധിപത്യം ചെലുത്തുന്നു. ബുദ്ധിയുടെയും അഹങ്കാരത്തിന്റെയും നടുവില്‍ ഒരു നിര്‍ണ്ണായകശക്തിയായി അത് പ്രവര്‍ത്തിക്കുന്നു. യഥാര്‍ത്ഥത്തില്‍, ഈ ശക്തിക്ക് കല്പനാത്മകമായി കൊടുത്തിട്ടുള്ള ഒരു പേരാണ് മനസ്സ് എന്നുള്ളത്. സത്യത്തില്‍  ഇത്  ഒരു  ചിന്തമാത്രമാണ്.  ഈ  ചിന്തയില്‍  കൂടിയാണ്  ബ്രഹ്മാവസ്ഥയ്ക്ക് ജീവദിശ നല്കുന്നത്. എല്ലാ പ്രവര്‍ത്തികളുടെയും അടിസ്ഥാനവും ഇതു തന്നെയാണ്. എല്ലാ വികാരങ്ങളേയും ഉളവാക്കുന്നത് ഇതാണ്. അഹങ്കാരത്തെ ഇത് സദാ കുത്തിപ്പൊക്കുന്നു.  ആഗ്രഹങ്ങളെ  വര്‍ദ്ധിപ്പിക്കുന്നു.  പ്രത്യാശയെ  ശക്തിപെടുത്തു ന്നു.  ഭയത്തെ  വളര്‍ത്തുകയും  ചെയ്യുന്നു.  ഇതു  ദ്വന്ദ്വഭാവത്തെ  ഉണര്‍ത്തുന്നു.  അജ്ഞതയെ  പരിപോഷിപിക്കുന്നു.  ഇന്ദ്രിയങ്ങളെ  ഇന്ദ്രിയവിഷയങ്ങളിലേക്കു  തള്ളിവിടുന്നു. ഇത് അതിന്റെ സങ്കല്‍പം കൊണ്ട് ആകാശസൌദങ്ങള്‍ സൃഷ്ടി ക്കുകയും ചെയ്യുന്നു. ഇത് മനോരഥങ്ങളെ മലപോലെ കെട്ടിപ്പടുക്കുകയും പിന്നാലെ അവയെ മറിച്ചിടുകയും ചെയ്യുന്നു. ഇത് ഭ്രാന്തിയുടെ ഒരു സംഗ്രഹശാല പോലെയാണ്. പ്രാണരക്ഷയ്ക്കായുള്ള  വായുയുതത്ത്വത്തിന്റെ  അന്തസ്സത്തയാണിത്.  ഇത്  ബുദ്ധിയുടെ  എല്ലാ  വാതിലുകളെയും  അടച്ചുപൂട്ടി  ബുദ്ധിയെത്തന്നെ  തടവുകാരനാക്കുന്നു. അല്ലയോ അര്‍ജുന, മനസ്സെന്നു പറയുന്നത് ഇതല്ലാതെ മറ്റൊന്നുമല്ല.

No comments:

Post a Comment