Friday, November 30, 2018

ഈ അവിദ്യ  അജ്ഞാനം എന്റെ ഗൃഹിണിയാണ്. അവള്‍ അനാദിയും നിത്യഹരിതയായ തരുണിയും അനിര്‍വചീനയമായ ഗുണങ്ങളോട്കൂടിയവളും ആണ്. അവളുടെ ആകാരവും വ്യാപ്തിയും അപരിമേയമാണ്.

 അജ്ഞാനത്താല്‍ നിദ്രാവശഗരാകുന്നവരുടെ അരികില്‍ അവള്‍ സ്ഥിതിചെയ്യുന്നു. സ്വസ്വരൂപബോധം കൊണ്ട് ഉണര്‍ന്നിരിക്കുന്നവരില്‍ നിന്നും അവള്‍ വളരെ അകലെയാണ്. ഞാന്‍ (സ്വസ്വരൂപജ്ഞാനം) ഉറങ്ങുമ്പോള്‍ അവള്‍ ഉണര്‍ന്നിരിക്കുന്നു.

എന്നില്‍ നിന്നെടുക്കുന്ന സത്ത്വം കൊണ്ട് (എന്നോടുള്ള ആശ്രയം കൊണ്ട്) അവള്‍ ഗര്‍ഭം ധരിക്കുന്നു. ജഗദ്‌രൂപത്തിലുള്ള അഷ്ടവികാരഭ്രൂണം അവളുടെ ഗര്‍ഭപാത്ര ത്തില്‍ വളരുന്നു.

ഉഭയസംഗം കൊണ്ട് ആദ്യം ഉണ്ടാകുന്നത് ബുദ്ധിതത്ത്വമാണ്. ബുദ്ധിതത്ത്വത്തില്‍ നിന്ന് മനസ്സ് സൃഷ്ടിക്കപ്പെടുന്നു. മനസ്സിന്റെ ചങ്ങാതി മമതയെന്നു പേരുള്ള ഒരു യുവസുന്ദരിയാണ്. അവരുടെ ചേര്‍ച്ചകൊണ്ട് അഹങ്കാരതത്ത്വം ജനിക്കുന്നു. ഇതോടൊപ്പം പഞ്ചമഹാഭൂതങ്ങളും ദൃശ്യമാകുന്നു.

ഈ ഘടകങ്ങളെല്ലാം ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളുമായി ബന്ധപ്പെട്ടതാകയാല്‍ ഈ ഘടങ്ങളോടൊപ്പം ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും ഉടലെടുക്കുന്നു. ഇപ്രകാരം സൂക്ഷ്മപ്രകൃ തിയില്‍ സൃഷ്ടിക്കപ്പെട്ട അഷ്ടവികാരങ്ങളും പഞ്ചമഹാഭൂതങ്ങളും വിഷയേന്ദ്രിയങ്ങളും ത്രിഗുണങ്ങളോടൊപ്പം ചേര്‍ന്ന് ഗര്‍ഭപിണ്ഡം ഉണ്ടാകുന്നു. തത്സമയം വാസനാബദ്ധമായ സൂക്ഷ്മജീവന്‍ അതിന്റെ പ്രാരാബ്ധമനുസരിച്ച് ഗര്‍ഭപിണ്ഡത്തില്‍ പ്രവേശിക്കുന്നു. ഇങ്ങനെയാണ് ജീവാത്മാവിന്റെ ഉല്‍പ്പത്തി.

ജ്ഞാനേശ്വരി

No comments:

Post a Comment