Wednesday, November 14, 2018

ശനീശ്വരൻ

നവഗ്രഹങ്ങൾക്ക് ഹിന്ദുക്കൾ വളരെ പ്രാധാന്യം കല്പിക്കുന്നു. പല അമ്പലങ്ങളിലും നവഗ്രഹങ്ങൾക്ക്  ഉപക്ഷേത്രങ്ങളും വഴിപാടുകളും ഉണ്ട്. ആഴ്ച നാമങ്ങളിലാണ്  എഴ്  ഗ്രഹങ്ങൾ അറിയപ്പെടുന്നത്. സൂര്യൻ(രവി),ചന്ദ്രൻ(സോമൻ), ചൊവ്വ(മംഗല), ബുധൻ,  വ്യാഴം( ഗുരു) , വെള്ളി( ശുക്രൻ )ശനി എന്നി നാമങ്ങളിലുള്ള ഏഴ് ഗ്രഹങ്ങൾ കൂടാതെ രാഹു, കേതു എന്നവരണ്ടും ചേർന്നതാണ്  നവഗ്രഹങ്ങൾ.

ഇതിൽ ഏഴാം സ്ഥാനത്തുള്ള  ശനീശ്വരനെയാണ് എറ്റവും ഭയപ്പെടുന്നതും അരാധിക്കപ്പെടുന്നതും. എന്തുകൊണ്ടാണ് ഇത് എന്നത് പുരാണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ പ്രയാസമില്ല.

യോഗശാസ്ത്രപ്രകാരം നവഗ്രഹങ്ങൾ ഒമ്പതും നമ്മുടെ ശരീരത്തിലെ പല ചക്രങ്ങളിൽ സ്ഥിതി ചെയ്യുന്നു. സൂര്യൻ മൂലധാരത്തിലും,ചന്ദ്രൻ സ്വാദിഷ്ഠാ‍നത്തിലും ചൊവ്വ മണിപുരകത്തിലും, ബുധൻ അനഹതയിലും ,ഗുരു വിശുദ്ധിയിലും, ശുക്രൻ ബ്രൂമദ്ധ്യത്തിലും ആ‍ണ് .എന്നാൽ ശനിയാകട്ടെ മനുഷ്യ ശരീരത്തിൽ എറ്റവും ഉയർന്ന ഭാഗത്തുള്ള സഹസ്രര- ചക്രത്തിലുമാണ് കുടികൊള്ളുന്നത്. രാഹുവും കേതുവും ജീവനാഡികളിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. ഇതെല്ലാം ഒരു അന്ധവിശ്വാസമല്ലേ, എന്ന തെറ്റിധാരണ ഉണ്ടാകാം. അല്ലെന്നുള്ളതിനു തക്ക തെളിവാണ്  യോഗാസനം. യോഗാസനം പരിശീലിക്കുന്ന ഒരാൾ  വസ്തവത്തിൽ  ചെയ്യുന്നത് ഈ ഗ്രഹങ്ങളെ നമസ്കരിക്കുകയാണ്. സൂര്യനമസ്കാരം അതിനൊരു ഉദാഹരണമാണ്.

ഒരോ ഗ്രഹങ്ങളും ഓരോ ഗുണത്തെ പ്രധാനം ചെയ്യുന്നു. അതിൽ ശനിയാണ് ദുഖ കാരണങ്ങളായ രോഗം, മരണം എന്നിവക്ക്  ഹേതുവാകുന്നത് . അങ്ങിനെയാണെങ്കിൽ ശനിയെ എന്തിന് ആരാധിക്കണം ? എന്ന് നിങ്ങൾ ചോദിച്ചേക്കാം. ശരിയാണ്. അതിനു കാരണം ആത്മീയത കൈവരിക്കണമെങ്കിൽ ശനീശ്വരൻ അനുഗ്രഹിക്കണം. അതുപോലെ സകല ദൈവാനുഗ്രഹങ്ങൾക്കും  ശനീശ്വര-ദയാദാക്ഷിണ്യം ഉണ്ടായാലേ സാദ്ധ്യമാകൂ.

സന്തോഷത്തിൽ ദൈവത്തെ മറക്കുന്നു.സന്താപത്തിൽ ദൈവപാദങ്ങളിൽ ശരണം പ്രാപിക്കുന്നു. ഇതാണ് നമ്മുടെ അവസ്ഥ. ദുഖം നമ്മുടെ കണ്ണ്‌ തുറപ്പിക്കുന്നു. ജീവിതം ഒരു മായയാണെന്ന പരമാർഥം നമുക്ക് മനസിലാക്കിത്തരുന്നത് കഷ്ടങ്ങളും നഷ്ടങ്ങളുമാണ്. ഇത് സംഭവിക്കുന്നത് ശനീശ്വരനിലൂടെയാണ്. ശിരസ്സിലുള്ള സഹസ്രര-ചക്രത്തിലിരുന്നു കൊണ്ട് മനസ്സിനെ ദൈവത്തോട് അടുപ്പിക്കുന്നത് ശനി ഭഗവനാണ്. അങ്ങിനെയുള്ള ഭഗവാനെ പ്രാർഥിക്കുന്നത് എല്ലാം കൊണ്ടും എല്ലാവർക്കും നല്ലതാണ്.

ശനിഗ്രഹ സ്വാധീനം കൂടുതലുള്ള മനുഷ്യരാണ് സന്യാസിമാരാകുന്നത്. ആരോഗ്യത്തിനും ഐശ്വര്യത്തിനും പ്രാർഥിക്കുന്ന ഒരു സന്യാസി തന്റെ ആത്മീയ സുഖം സഫലീകൃതമാകാനും ശനീശ്വരനെത്തന്നേയാണ്  ശരണം തേടുന്നത്.വളരെ സാവധാനത്തിലും സ്ഥിരതയോടെയും കൂടി നീങ്ങുന്ന ഒരു ഗ്രഹമാണ് ശനി. അതുകൊണ്ട് ശനിയാഴ്ചക്ക് സ്ഥിരവാരമെന്നും ഒരു പേരുണ്ട് . ശനിയാഴ്ച ആരംഭിക്കുന്ന ഏത് സംരംഭവും അതു കൊണ്ട്  വിജയിക്കുമെന്നതിൽ സംശയമില്ല.

“നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം ച്ഛായാ ,
മാർത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം”

സൂര്യന്റെ മകനാണ് ശനി. യമന്റെ സഹോദരനും. അതുകൊണ്ട് യമധർമ്മം ശനിയും പങ്കിടുന്നു. വളരെ ഉദ്ദേശശുദ്ധിയും നിഷ്പക്ഷതയും പാലിച്ചുകൊണ്ടാണ് ശനി ഭഗവാൻ ശിക്ഷയും ഭിക്ഷയും നൽകുന്നത്.

No comments:

Post a Comment